Sunday, February 22, 2009

ദേശങ്ങള്‍ ഒഴുകിനടക്കുന്ന ഗ്ലോബ്‌


(2009 ഫെബ്രുവരിയില്‍ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്- അല്പം മാറ്റങ്ങളോടെ)

അങ്ങനെ ആദ്യമായി ഒരു ഇന്ത്യന്‍ സംഗീതജ്ഞന്‌ ഓസ്കര്‍ അവാര്‍ഡ്. ഒന്നല്ല, പശ്ചാത്തലസംഗീതത്തിനും ഗാനങ്ങള്‍ക്കുമായി രണ്ടെണ്ണം. ഗോല്‍ഡന്‍ ഗ്ളോബ്‌ അവാര്‍ഡ്‌, ബാഫ്ത തുടങ്ങിയ വിനോദവ്യവസായരംഗത്തെ മോഹിപ്പിക്കുന്ന അംഗീകാരങ്ങള്‍ക്കു ശേഷം ഈ ബഹുമതിക്ക്‌ എ. ആര്‍. റഹ്‌മാനെ അര്‍ഹനാക്കിയത്‌ ബ്രിട്ടീഷ്‌ സംവിധായകനായ ഡാനി ബോയ്‌ലിന്റെ സ്‌ലം ഡോഗ്‌ മില്യനെയര്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും അതിലെ ‘ജയ് ഹോ’, ‘ഓ സയാ’തുടങ്ങിയ ഗാനങ്ങളുമാണ്‌. റഹ്‌മാന്റെ മുന്‍കാലഗാനങ്ങളോര്‍മ്മിപ്പിക്കുന്ന ചില ശബ്ദരേഖകള്‍ ഇവിടെയുമുണ്ടെങ്കിലും തന്റെ സാധ്യതകള്‍ അന്താരാഷ്ട്രതലത്തില്‍ത്തന്നെ സ്വതന്ത്രമായി ഉപയോഗിക്കുന്നതിലൂടെ പുതിയൊരു സംഗീതസംസ്കാരത്തിനാണ്‌ അദ്ദേഹം തുടക്കമിടുന്നത്‌. ‘മദ്രാസിന്റെ മൊസാര്‍ട്ട്‌’ എന്നു ടൈം മാഗസിന്‍ പണ്ടുതന്നെ വിശേഷിപ്പിച്ച റഹ്‌മാന്‍ പിന്നെ മാധ്യമങ്ങള്‍ക്ക്‌ ‘ഏഷ്യയുടെ മൊസാര്‍ട്ട്‌’ ആയി. ഇപ്പോള്‍ മൌലികമായ സംഗീതാവിഷ്ക്കാരത്തിനുള്ള ഈ ബഹുമതികളിലൂടെ അദ്ദേഹം പാശ്ചാത്യദേശത്ത്‌ എ. ആര്‍. റഹ്‌മാനായിത്തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. മൂന്നു ഗ്രാമ്മി അവാര്‍ഡുകള്‍ നേടിയ പണ്ഡിറ്റ്‌ രവിശങ്കറിനുശേഷം ആദ്യമായാണ്‌ ഒരിന്ത്യാക്കാരന്‍ അന്താരാഷ്ട്രതലത്തില്‍ ഇത്ര ശ്രദ്ധേയനാവുന്നത്‌.

എന്നാല്‍ രവിശങ്കറില്‍നിന്ന്‌ റഹ്‌മാനിലേക്കുള്ള ദൂരം ഒട്ടും ചെറുതല്ല. യഹുദി മെനുഹിന്റെ വയലിനൊപ്പം സിതാര്‍ വായിച്ചപ്പോള്‍ രവിശങ്കര്‍ അവതരിപ്പിച്ചത്‌ പരമ്പരാഗതശാസ്ത്രീയസംഗീതത്തിന്റെതന്നെ സ്വകീയമായ വ്യാഖ്യാനമായിരുന്നു. എപ്പോഴും വ്യത്യസ്തതകള്‍ക്കുവേണ്ടി കാതുകളൊരുക്കിവച്ച പാശ്ചാത്യ പോപ്‌ സംഗീതരംഗം ബീറ്റില്‍സിന്റെയും മറ്റും സംഗീതാവതരണങ്ങളിലൂടെ രവിശങ്കറിന്റെ സിതാര്‍ സ്വീകരിച്ചത്‌ അപരിചിതമായ ഒരുപകരണത്തിന്റെ നാദത്തോടുള്ള താല്‍ക്കാലികഭ്രമംകൊണ്ടു മാത്രമാണെന്നു തോന്നും. തന്റെ സംഗീതത്തെ പാശ്ചാത്യലോകം ഇന്ത്യന്‍ നാടോടി സംഗീതമായി അവതരിപ്പിച്ചപ്പോള്‍ രവിശങ്കറിനുതന്നെ പ്രതിഷേധിക്കേണ്ടിവന്നിട്ടുണ്ട്‌. വിചിത്രമായ ഒരു നാദത്തിനുവേണ്ടി താന്‍ സിതാര്‍പഠനത്തിനും അവതരണത്തിനുമനുഭവിച്ച സഹനങ്ങളെക്കുറിച്ച്‌ ബീറ്റില്‍സിന്റെ ‘നോര്‍വീജിയന്‍ വുഡ്‌’ എന്ന പ്രസിദ്ധഗാനത്തില്‍ സിതാര്‍ വായിച്ച ജോര്‍ജ്‌ ഹാരിസണ്‍ വാചാലനായതുകൂടി ഓര്‍മ്മിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. എന്നാല്‍ പിന്നീട്‌ ഈ താല്‍ക്കാലികകൌതുകത്തിനപ്പുറം സൈക്കഡലിക്‌ റോക്ക്‌ സംഘങ്ങളുടെ സ്വപ്നാടനങ്ങള്‍ക്കുമുതല്‍ മഡോണയുടെ മന്ത്രോച്ചാരണത്തിനുവരെ ഇന്ത്യന്‍ സംഗീതം ഉപയോഗിക്കുന്നതിന്‌ രവിശങ്കറിന്റെ പ്രശസ്തി കാരണമായിട്ടുണ്ടെന്നും വിസ്മരിക്കാനാവില്ല.

അന്നത്തെ രവിശങ്കര്‍ പോയ വഴിയിലൂടെയല്ല ഇന്നത്തെ റഹ്‌മാന്റെ സഞ്ചാരം. അതില്‍ സംഗീതത്തിന്റെ ദേശത്തെക്കുറിച്ചോ ഭാഷയെക്കുറിച്ചോ ശൈലിയെക്കുറിച്ചോ ധാരണകളുണ്ടെങ്കിലും അവയെച്ചൊല്ലിയുള്ള മൌലികവാദങ്ങളോ ആദര്‍ശവത്ക്കരണങ്ങളോ ഇല്ല. കലയുടെ ആഗോളീകരണകാലത്തെ കലര്‍പ്പിന്റെ കലാകാരനാണ്‌ അദ്ദേഹം. ആദ്യകാല ഫ്യൂഷന്‍ സംഗീതത്തില്‍ക്കാണുന്നതുപോലെ രണ്ടു ധാരകളുടെ സമാന്തരവിന്യാസമല്ല, പല സംഗീതശൈലികള്‍ പരസ്പരം ഇടകലര്‍ത്തുകയും വിളക്കിച്ചേര്‍ക്കുകയുമൊക്കെച്ചെയ്തുകൊണ്ടുള്ള പുതിയ ചില ചേരുവകളാണ്‌ അദ്ദേഹം അവതരിപ്പിക്കുന്നത്‌. സ്‌ലംഡോഗ്‌ മില്യനെയറിലെ സംഗീതംതന്നെ ഉദാഹരണം. ‘ആ സിനിമ കാണുമ്പോള്‍ സംഗീതം ഭാരതീയമോ പാശ്ചാത്യമോ അല്ലെന്നു തോന്നും’ എന്നാണ്‌ ബോളിവുഡ്‌ സംഗീതസംവിധായകനായ വിശാല്‍ ദദ്‌ലാനി പറഞ്ഞത്‌. ലണ്ടനില്‍ ജനിച്ച ശ്രീലങ്കന്‍ തമിഴ്‌ വംശജയായ പുതിയ നൃത്ത-സംഗീതതാരം, എം. ഐ. എ. എന്ന വിളിപ്പേരുള്ള മായാ അരുള്‍പ്രകാശവും ഇന്ത്യന്‍ മഡോണയെന്നറിയപ്പെടുന്ന അലീഷായും സാംബിയയില്‍ വളര്‍ന്ന്‌ ഇംഗ്ളണ്ടിലും അമേരിക്കയിലും പഠിച്ച തമിഴ്‌ റാപ്‌ ഗായകന്‍ ബ്ളാസെയും കര്‍ണാടകസംഗീതപശ്ചാത്തലമുള്ള പാലക്കാട്‌ ശ്രീറാമുമൊക്കെ അതില്‍ ഗായകരാകുന്നു. ഇവരില്‍ ജന്‍മംകൊണ്ടു പാശ്ചാത്യരായ ഗായകരാരുമില്ലെന്നതാണ്‌ കൌതുകകരമായ മറ്റൊരു കാര്യം. ഗാനങ്ങളിലാകട്ടെ ഇംഗ്ളീഷിലും ഹിന്ദിയിലും സ്പാനിഷിലുമൊക്കെയുള്ള വരികള്‍ സ്വന്തം അര്‍ത്ഥങ്ങള്‍ ഒരുപരിധിവരെ മാറ്റിവച്ചുകൊണ്ട്‌ വിവിധവായ്ത്താരികള്‍ക്കൊപ്പം മനുഷ്യശബ്ദത്തിന്റെ ഉത്സവത്തില്‍ പങ്കെടുക്കുന്നു (ജയ്‌ ഹോ, ഓ സയാ എന്നീ ഗാനങ്ങള്‍). നാടോടിമട്ടിലുള്ള ഹിന്ദി സിനിമാഗാനങ്ങളെയും പാശ്ചാത്യനൃത്തസംഗീതമായ ഡിസ്‌കോയെയും ഹിപ്‌-ഹോപ്‌/റാപ്‌ സംസാര-ഗാനങ്ങളെയും ലാറ്റിന്‍ അമേരിക്കന്‍ സംഗീതത്തെയുമൊക്കെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ വിവിധശൈലികള്‍ ദേശഭേദത്തെ അപ്രസക്തമാക്കുംവിധം പരസ്പരം ഇടകലരുന്നു (റിങ്ഗാ റിങ്ഗാ, ജയ്‌ ഹോ, ഗാങ്സ്റ്റാ ബ്ളൂസ്‌). ഇവയില്‍ കാല്‍പനികസംഗീതവും ചടുലനൃത്തസംഗീതവും വേഗതയെ സംബന്ധിച്ച പതിവു വഴക്കങ്ങള്‍ മറന്നുപോകുന്നു. ഹിപ്‌-ഹോപ്‌ രീതിയിലുള്ള ഗാനത്തിനിടയില്‍ ജാസ്‌ ഡ്രമ്മിലോ സാങ്കേതികവിദ്യയുടെ സഹായംകൊണ്ടു നിര്‍മ്മിച്ച സാങ്കല്‍പികസംഗീതോപകരണത്തിലോ മൃദംഗത്തിന്റെ രീതിയിലുള്ള മുത്തായിപ്പുകള്‍ കേള്‍ക്കുമ്പോഴും (ഗാങ്സ്റ്റാ ബ്ളൂസ്‌), ഇതേ പശ്ചാത്തലത്തില്‍ ഭരതനാട്യത്തിന്റെയും മൃദംഗത്തിന്റെയും ചൊല്ലുകളുടെ തനിയാവര്‍ത്തനം പെട്ടെന്നു വേഗംകൂടി യാന്ത്രികമായ ചില അസംബന്ധനാദങ്ങളിലവസാനിക്കുമ്പോഴും ഗാനം തീര്‍ന്നതിനുശേഷവും ചില അപസ്വരങ്ങള്‍ ബാക്കിയാകുമ്പോഴുമൊക്കെ (ലിക്വിഡ്‌ ഡാന്‍സ്‌) പതിവുശീലങ്ങളുടെ ആരാധകര്‍ അങ്കലാപ്പിലായേക്കും. എന്നാല്‍ ദേശങ്ങളെയും ഭാഷകളെയും ജനങ്ങളെയുമൊക്കെ തരംപോലെ ഇടകലര്‍ത്താവുന്ന, ചടുലഗതിയിലുള്ള ഒരു കമ്പ്യൂട്ടര്‍ ഗയിമെന്നപോലെ പുതിയ കാലത്തിന്റെ ചെറുപ്പത്തിന്‌ അതിനോടു പൊരുത്തപ്പെടാനെളുപ്പമാവും.

എ. ആര്‍. റഹ്‌മാന്റെ വ്യക്തിജീവിതവും സംഗീതപരിചയവുമോര്‍മ്മിച്ചാല്‍ കലര്‍പ്പിന്റെ കലയിലേക്കുള്ള ഈ വളര്‍ച്ച സ്വാഭാവികമായിരുന്നെന്നു കാണാം. പഴശ്ശിരാജയിലും ചോറ്റാനിക്കരയമ്മയിലുമൊക്ക മലയാളികള്‍ക്ക്‌ ഇഷ്ടഗാനങ്ങള്‍ സമ്മാനിച്ച സംവിധായകനും ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, എം. കെ. അര്‍ജ്ജുനന്‍ തുടങ്ങിയവരുടെ പല പ്രസിദ്ധഗാനങ്ങള്‍ക്കും പ്രധാനസഹായിയുമായിരുന്ന ആര്‍. കെ. ശേഖറിന്റെ പുത്രനാണല്ലൊ അദ്ദേഹം. 1966 ല്‍ ചെന്നൈയില്‍ ജനിച്ച അദ്ദേഹത്തിന്റെ എ. എസ്‌. ദിലീപ്‌ കുമാറെന്ന ആദ്യപേര്‌ പിന്നീട്‌ സൂഫി ഇസ്‌ലാമിലേക്ക്‌ കുടുംബസമേതം മതം മാറിയതോടെ അല്ലാ രഖാ റഹ്മാന്‍ എന്നായി. പിതാവിന്റെ കര്‍ണാടകസംഗീതപശ്ചാത്തലം അദ്ദേഹത്തിന്‌ ആ ശൈലിയുമായി അടുത്ത പരിചയത്തിനു കാരണമായിട്ടുണ്ട്‌. ചെറുപ്പത്തില്‍ത്തന്നെ കീ ബോര്‍ഡ്‌ വായനയില്‍ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുകയും പിന്നീട്‌ ലണ്ടനിലെ ട്രിനിറ്റി കോളേജ്‌ ഓഫ്‌ മ്യൂസിക്കില്‍നിന്ന്‌ പാശ്ചാത്യസംഗീതത്തില്‍ ബിരുദം നേടുകയും ചെയ്ത അദ്ദേഹം റൂട്ട്സ്‌ പോലെയുള്ള ബാന്‍ഡുകളില്‍ കീ ബോര്‍ഡ്‌ വായനക്കാരനായി പ്രവര്‍ത്തിച്ചു. സംഗീതവും സാങ്കേതികതയും കൈകോര്‍ക്കുന്ന സൌണ്‍‌ഡ് സിന്തസൈസറിനോടുള്ള ആവേശം അദ്ദേഹത്തിന്റെ പില്‍ക്കാലസംഗീതാവിഷ്ക്കാരങ്ങളില്‍ വലിയ രീതിയില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. ചെന്നൈയിലെ റോക്ക്‌ സംഗീതസംഘമായ നെമിസിസ്‌ അവെന്യൂവിന്റെ സ്ഥാപനത്തിലൂടെ പോപ്‌ സംഗീതത്തോടുള്ള ആഭിമുഖ്യം നേരത്തെതന്നെ വ്യക്തമാക്കുകയും ചെയ്തു.

മണിരത്നം സംവിധാനംചെയ്ത റോജ(1992)യിലൂടെയാണ്‌ എ. ആര്‍. റഹ്‌മാന്‍ സിനിമാസംഗീതലോകത്തെത്തുന്നത്‌. വ്യക്തമായ ഒരു പദ്ധതിയോടെയാണ്‌ ഈ രംഗത്തു പ്രവേശിച്ചതെന്ന്‌ ഒരു പില്‍ക്കാല അഭിമുഖത്തില്‍ റഹ്‌മാന്‍ വ്യക്തമാക്കുന്നു:‘1992 ല്‍ ഞാന്‍ ആരംഭിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമാസംഗീതം പല കള്ളികളിലായി വേര്‍തിരിഞ്ഞിരുന്നു. ഒരു സിനിമാഗാനം ചെയ്യുന്നത്‌ ഭാഷയെയും സംസ്ക്കാരത്തെയും മറികടക്കുന്ന രീതിയില്‍ വേണമെന്ന്‌ ഞാനുറച്ചു. അതിനു ഫലംകണ്ടു. കാരണം അടിസ്ഥാനപരമായി ദക്ഷിണേന്ത്യക്കാരനായ ഞാന്‍ ചെയ്തത്‌ പൂര്‍ണമായും വ്യത്യസ്തസംസ്ക്കാരമുള്ള ഉത്തരേന്ത്യയിലാകെ സ്വീകരിക്കപ്പെട്ടു.’

തമിഴില്‍നിന്ന്‌ ഹിന്ദിയിലേക്കു മൊഴി മാറിയപ്പോഴും രൂപം മാറാത്ത റോജയിലെ സംഗീതത്തിന്‌ ദേശങ്ങളെ മറികടക്കാനായെന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. എങ്കിലും അദ്ദേഹത്തിന്റെ സംഗീതവഴികളുടെ സാംസ്കാരികമായ പ്രഭവകേന്ദ്രങ്ങള്‍ ആ ഗാനങ്ങളില്‍ത്തന്നെ കുറച്ചൊക്കെ വ്യക്തമാണ്‌. വൈരമുത്തു ഗാനങ്ങളെഴുതിയ തമിഴ്‌ പതിപ്പിലെ ചിന്ന ചിന്ന ആശൈ(മിന്‍മിനി)യില്‍ ശങ്കരാഭരണം, ഹരികാംബോജി എന്നീ രാഗങ്ങളുടെ മിശ്രണവും കാതല്‍റോജാവേ(എസ്‌. പി. ബാലസുബ്രഹ്മണ്യം)യില്‍ കാപ്പിയുടെയും ദേശിണ്റ്റെയും സാന്നിധ്യവും പുതുവെള്ളൈമഴൈ(ഉണ്ണിമേനോന്‍, സുജാത)യില്‍ കാനഡയുടെ ഛായയുമൊക്കെക്കാണുന്ന ക്ളാസ്സിക്കല്‍ സംഗീതാസ്വാദകരുടെ അഭിപ്രായങ്ങള്‍ തള്ളിക്കളയാനാവില്ല. എന്നാലും വ്യത്യസ്തസംഗീതോപകരണങ്ങളുടെ സന്നിവേശത്തിലും സൂക്ഷ്മശബ്ദങ്ങളുടെ വിന്യാസഭേദങ്ങളിലുമുള്ള പുതുമയും സര്‍വോപരി സാങ്കേതികമേന്‍മയുള്ള സ്പീക്കറില്‍മാത്രം പൂര്‍ണമായി തിരിച്ചറിയാവുന്ന ശബ്ദപ്രസരണത്തിന്റെ തന്ത്രങ്ങളുമൊക്കെ ആ ഗാനങ്ങളുടെ വ്യത്യസ്തത കൂടുതല്‍ പ്രകടമാക്കി. രുക്കുമണീ(എസ്‌. പി. ബാലസുബ്രഹ്മണ്യം, ചിത്ര) എന്ന ഗാനത്തില്‍ ശബ്ദവക്രീകരണവും ഉപകരണങ്ങളില്‍ ഓഫ്‌ ബീറ്റുകളുടെ ത്രസിപ്പിക്കുന്ന പ്രയോഗങ്ങളുമൊക്കെ അദ്ദേഹം സഫലമായി സന്നിവേശിപ്പിച്ചു. അങ്ങനെ തുടര്‍ന്നുള്ള ചിത്രങ്ങളില്‍ എ. ആര്‍. റഹ്‌മാന്‍ പൊതുവേ പിന്തുടര്‍ന്ന രീതികളുടെ മാതൃകകള്‍ ഈ സിനിമയില്‍ത്തന്നെ കേള്‍ക്കാവുന്നതാണ്‌. ആദ്യസിനിമയുടെ സംഗീതത്തിനുതന്നെ അദ്ദേഹത്തിന്‌ ദേശീയാംഗീകാരവും ലഭിച്ചു.

ഇതേ വര്‍ഷംതന്നെ സന്തോഷ്‌ ശിവന്റെ യോദ്ധായിലൂടെ റഹ്‌മാന്‍ മലയാളത്തിലുമെത്തിയെങ്കിലും പിന്നീട്‌ വിലകൂടിയ ആ താരസാന്നിധ്യം ഇവിടെയുണ്ടായില്ല. ജന്റില്‍‍ മാന്‍, തിരുടാ തിരുടാ (1993), ഡ്യുവറ്റ്‌, കാതലന്‍(1994), ബോംബെ, ഇന്‍ഡ്യന്‍(1995) തുടങ്ങിയ വമ്പന്‍ ജനപ്രിയസിനിമകളിലൂടെ റഹ്‌മാന്‍ തമിഴിലെന്നല്ല, ആ സംഗീതം കടന്നുചെന്ന ഇതരദേശങ്ങളിലും സംഗീതസങ്കല്‍പങ്ങള്‍ തിരുത്തിയെഴുതി. ജന്റില്‍‍മാനിലെ ഒരു സംഗീത വീഡിയോയുടെ സ്വയംപൂര്‍ണതയുള്ള ചിക്ക്‌ ബുക്ക്‌ റയിലേ (സുരേഷ്‌ പീറ്റേഴ്സ്‌, ജി. വി. പ്രകാശ്‌) എന്ന ഗാനം വരികളിലെ അസംബന്ധവും നിംനവും ഉച്ചവുമായ ശബ്ദതലങ്ങളിലേക്കു ചടുലമായി പരിണമിക്കുന്ന ആലാപനവും ദൃശ്യത്തില്‍ പ്രഭുദേവയുടെ മാന്ത്രികമായ നൃത്തവേഗവുമൊക്കെച്ചേര്‍ന്ന്‌ തുടര്‍ന്നുള്ള സംഗീതചരിത്രത്തെത്തന്നെ നിര്‍ണയിക്കാന്‍ പോന്നതായിരുന്നു. എങ്കിലും തുടര്‍ന്നും അത്തരം പരീക്ഷണങ്ങള്‍ വിജയകരമായി നിര്‍വഹിക്കുവാന്‍ റഹ്‌മാന്‍തന്നെ വേണ്ടിവന്നു. കാതലനിലെ പെടൈ റാപ്‌ (സുരേഷ്‌ പീറ്റേഴ്സ്‌, തേനി കുഞ്ഞാരമ്മ, ഷാഹുല്‍ ഹമീദ്‌) തമിഴ്‌ നാടോടി-അമേരിക്കന്‍ റാപ്‌ ശൈലികളുടെ വിചിത്രമായ ചേരുവയാണ്‌ മുന്നോട്ടുവച്ചത്‌. ആ ചിത്രത്തിലെതന്നെ ഉര്‍വശീ ഉര്‍വശീ(എ. ആര്‍. റഹ്മാന്‍, സുരേഷ്‌ പീറ്റേഴ്സ്‌, ഷാഹുല്‍ ഹമീദ്‌) ഉള്‍പ്പെടെ പല ഗാനങ്ങളിലും അകലെയും അടുത്തുമായി കേള്‍ക്കുന്ന ശബ്ദങ്ങളുടെ സമാന്തരവിന്യാസവുമുണ്ട്‌. അങ്ങനെ ശബ്ദത്തിന്റെ ഉയര്‍ച്ചതാഴ്ച്ചകള്‍ക്കൊപ്പം ദൂരത്തിന്റെ സാധ്യതകള്‍കൂടി റഹ്‌മാന്‍ കണക്കിലെടുക്കുന്നു. ഗായകരുടെ താരമൂല്യം റഹ്‌മാന്‍ഗാനങ്ങളെ സംബന്ധിച്ച്‌ അപ്രസക്തമാകുന്നു. പ്രധാനഗായകരുടെതന്നെ ശ്രോതാക്കള്‍ താലോലിച്ച ശബ്ദങ്ങള്‍ പലപ്പോഴും അത്തരത്തിലല്ല ആ ഗാനങ്ങളില്‍ക്കേട്ടത്‌. പരിചയമില്ലാത്ത ഈ രീതികളില്‍ സംഭ്രമിച്ച പാരമ്പര്യവാദികളുടെ ശക്തമായ വിമര്‍ശനത്തിനും അദ്ദേഹം പാത്രമായി. പക്ഷേ അവരുടെ സംവേദനശീലത്തെക്കൂടി തൃപ്തിപ്പെടുത്തിക്കൊണ്ടു നിര്‍വഹിച്ച കാതലനിലെ എന്നവളേ എന്ന അര്‍ദ്ധക്ളാസ്സിക്കല്‍ ഗാനം ഗായകനായ പി. ഉണ്ണികൃഷ്ണന്‌ ദേശീയാംഗീകാരം നേടിക്കൊടുത്തു. ബോബെയിലെ ഉയിരേ(ഹരിഹരന്‍, ചിത്ര)യിലൂടെ പുതിയ മെലഡിയുടെ ആവിഷ്കാരത്തിലും താന്‍ പിന്നിലല്ലെന്ന്‌ എ. ആര്‍. റഹ്‌മാന്‍ തെളിയിച്ചു. പക്ഷേ ഇക്കാലമായപ്പോഴേക്കും തന്റെ ശൈലിയുടെ പ്രധാനസവിശേഷതകള്‍ മിക്കതും അദ്ദേഹം പരീക്ഷിച്ചു കഴിഞ്ഞിരുന്നു. അപ്പോഴും ഒരു കമ്പ്യട്ടറുണ്ടെങ്കില്‍ റഹ്‌മാനെപ്പോലെ സംഗീതം നിര്‍മ്മിക്കാമെന്നു കരുതിയവര്‍ക്ക്‌ നിഗൂഢമായ ആ സ്റ്റുഡിയോയിലെ മാന്ത്രികപ്രവര്‍ത്തനങ്ങള്‍ അജ്ഞാതമായിത്തന്നെ തുടര്‍ന്നു.

രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത രംഗീല(1995)യിലൂടെയാണ്‌ റഹ്മാന്‍ ഹിന്ദിയിലെത്തുന്നത്‌. ആ ചിത്രത്തിലെ ഗാനങ്ങള്‍ക്കു ലഭിച്ച ജനപിന്തുണ മണിരത്നത്തിന്റെ ദില്‍ സേ(1998)യിലും ആവര്‍ത്തിച്ചു. ഇക്കാലമായപ്പോഴേക്കും റഹ്‌മാനു ലഭിച്ച അന്തര്‍ദ്ദേശീയമായ ജനപ്രീതിക്കുദാഹരണമാണ്‌ ആ ചിത്രത്തില്‍ പഞ്ചാബി ഗായകനായ സുഖ്‌വീന്ദര്‍ സിങ്ങ്‌ പാടിയ ചൈയ്യാ ചൈയ്യാ എന്ന ഗാനം. എക്കാലത്തെയും വലിയ ജനപ്രിയഗാനങ്ങള്‍ക്കായി ബി. ബി. സി. ആഗോളതലത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ ഈ ഗാനം ആദ്യപത്തില്‍ ഇടംനേടി. പുഞ്ചിരി തഞ്ചിക്കൊഞ്ചിക്കോ(എം. ജി. ശ്രീകുമാര്‍) എന്നു തുടങ്ങുന്ന ചടുലഗതിയിലുള്ള മലയാളവരികളുടെ അപൂര്‍വസാന്നിധ്യത്തില്‍ ലതാ മങ്കേഷ്കര്‍ പാടിയ ജിയാ ജലേ എന്ന ഗാനവും ഈ ചിത്രത്തിലേതാണെന്നോര്‍ക്കാം.

പതിവുചേരുവകളുണ്ടെങ്കിലും അവയുടെ സംയോജനത്തിലെ പിടികൊടുക്കാത്ത സങ്കീര്‍ണതകളിലൂടെ എ. ആര്‍. റഹ്‌മാന്‍ പിന്നെയും തമിഴ്‌ ഹിന്ദി സിനിമകളില്‍ ഹിറ്റ്‌ മേക്കറായി തുടര്‍ന്നു. ജനങ്ങളോര്‍മ്മിക്കുകയും അറിയാതെ മൂളുകയും ചെയ്യുന്ന ലളിതമായ വരികളും വായ്ത്താരികളും ഒരുതരം ലാളിത്യം ഗാനങ്ങള്‍ക്കു നല്‍കുമ്പോള്‍ത്തന്നെ അനുകരിക്കാനാവാത്ത ഉപകരണസംഗീതവും ആലാപനവും മറ്റൊരു തരത്തില്‍ സങ്കീര്‍ണതയും സൃഷ്ടിക്കുന്നു. ചടുലമായ ഗാനങ്ങളില്‍ മാത്രമല്ല, മെലഡികളിലും ഈ റഹ്‌മാന്‍ ഇഫക്ട്‌ പ്രവര്‍ത്തിക്കുന്നു. മെലഡികള്‍ക്കു പ്രാധാന്യമുള്ള മിന്‍സാരകനവ്‌(1997), കന്നത്തില്‍ മുത്തമിട്ടാല്‍(2002) എന്നീ തമിഴ്‌ ചിത്രങ്ങളിലെയും ലഗാന്‍ (2001) എന്ന ഹിന്ദിചിത്രത്തിലെയും സംഗീതത്തിലൂടെ അദ്ദേഹത്തിനു വീണ്ടും ദേശീയമായ അംഗീകാരങ്ങള്‍ ലഭിച്ചു. കാതല്‍ദേശം(1996), ഇരുവര്‍(1997), ജീന്‍സ്‌(1998), മുതല്‍വന്‍(1999), റിഥം, തെനാലി(2000), ബോയ്സ്‌(2002)മുതലായ തമിഴ്‌ ചിത്രങ്ങളിലെയും ദൌഡ്‌(1997), താള്‍(1999), യുവ(2004), മംഗള്‍ പാണ്ഡേ(2005), ഗജിനി (2008) തുടങ്ങിയ ഹിന്ദിചിത്രങ്ങളിലെയും ഗാനങ്ങളിലൂടെ ജനപ്രീതിയില്‍ അദ്ദേഹം നായകനായിത്തന്നെ നിലയുറപ്പിച്ചു. ലൈംഗികതയെയും സംസ്കാരത്തെയും ആവിഷ്കാരത്തെയുമൊക്കെ സംബന്ധിച്ച ഒട്ടേറെ വിവാദങ്ങള്‍ക്കു കാരണമായ ദീപാ മേത്തയുടെ ഫയര്‍(1996), എര്‍ത്ത്‌(1998), വാട്ടര്‍(2005) എന്നീ സിനിമകളിലും സംഗീതം നല്‍കിയത്‌ എ. ആര്‍. റഹ്‌മാനാണ്‌. രാകേഷ്‌ മെഹ്‌റ സംവിധാനം ചെയ്ത രംഗ്‌ കേ ബസന്തി(2006)യാണ്‌ റഹ്‌മാന്‍ അന്വേഷിച്ച വ്യത്യസ്തതയുടെ മേഖലകള്‍ വീണ്ടും അവതരിപ്പിച്ച മറ്റൊരു ഹിന്ദിചിത്രം. സിഖ്‌ ഗുരുദ്വാരയിലെ സ്ത്രീയുടെ പ്രാര്‍ത്ഥനയും ഹാര്‍ഡ്‌ റോക്കും ഹിപ്‌-ഹോപും ഭാങ്ഗ്രയും ഇടകലര്‍ന്ന ഉത്സവവുമൊക്ക അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ വിവിധസംസ്ക്കാരങ്ങളും പല തലമുറകളുമൊക്കെ തമ്മിലുള്ള സംവാദത്തിന്‌ സമര്‍ത്ഥമായ നാദപശ്ചാത്തലമായി.

പ്രധാനപ്രാദേശികഭാഷകളിലെ സിനിമകളിലൂടെ ലഭിച്ച ജനസമ്മതിയാവാം ഇന്ത്യന്‍ സ്വാതന്ത്യ്രത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ പുറത്തുവന്ന വന്ദേ മാതരം, 2000 ലെ റിപ്പബ്ളിക്‌ ദിനത്തില്‍ പുറത്തിറക്കിയ ജനഗണമന എന്നീ സംഗീത ആല്‍ബങ്ങള്‍ക്കു പ്രചോദനമായത്‌. ജനഗണമന എന്ന ആല്‍ബത്തില്‍ ദേശീയഗാനത്തെ അവമാനിച്ചു എന്നാരോപിക്കുന്ന ഒരു പൊതുതാല്‍പര്യഹര്‍ജി റഹ്‌മാനു നേരിടേണ്ടിവന്നു. എന്നാല്‍ ചെന്നൈ ഹൈക്കോടതി ഇക്കാര്യത്തില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയാണുണ്ടായത്‌. പുതിയ നൂറ്റാണ്ടു തുടങ്ങുംമുമ്പുതന്നെ റഹ്‌മാന്‍ അന്താരാഷ്ട്രതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1999 ല്‍ ജര്‍മ്മനിയിലെ മ്യൂണിച്ചില്‍വച്ച്‌ മൈക്കേല്‍ ജാക്സണുമൊത്ത്‌ അദ്ദേഹം സംഗീതമവതരിപ്പിച്ചു. 2002 ല്‍ ആന്‍ഡ്രൂ വെബ്ബര്‍‌‍ സംവിധാനം ചെയ്ത ബോംബെ ഡ്രീംസ്‌ എന്ന ബോളിവുഡ്‌ പശ്ചാത്തലമുള്ള സംഗീതനാടകത്തിനുചെയ്ത സംഗീതം അദ്ദേഹത്തെ അമേരിക്കയിലും ബ്രിട്ടനിലുമുള്ള ശ്രോതാക്കള്‍ക്കു പരിചിതനാക്കി. തന്റെ പതിവുശൈലിയില്‍ പാശ്ചാത്യവും പൌരസ്ത്യവുമായ സംഗീതശൈലികള്‍ ഇടകലര്‍ത്തിയുപയോഗിച്ചാണ്‌ റഹ്‌മാന്‍ ബോംബെ ഡ്രീംസിനും സംഗീതമൊരുക്കിയത്‌. മാന്‍ഹട്ടനിലെ ബ്രോഡ്‌ വേ തീയേറ്റര്‍, ലണ്ടനിലെ വെസ്റ്റ്‌ എന്‍ഡ്‌ തീയേറ്റര്‍ എന്നീ വിഖ്യാതമായ രംഗാവതരണകേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി അവതരിപ്പിച്ചപ്പോള്‍ അതിനു വലിയ സ്വീകരണമാണ്‌ ലഭിച്ചത്‌. ലണ്ടനില്‍ ബോംബെ ഡ്രീംസ്‌ നേടിയ ജനപ്രീതിയെത്തുടര്‍ന്ന്‌ 2004 ല്‍ സിറ്റി ഓഫ്‌ ബിര്‍മിങ്‌ഹാം സിംഫണി ഓര്‍‌ക്കെസ്ട്രാ അദ്ദേഹത്തെ സംഗീതാവതരണത്തിനു ക്ഷണിച്ചു. വിവിധസംസ്ക്കാരങ്ങളിലുള്‍പ്പെട്ട ജനങ്ങള്‍ സഹകരണത്തോടെ ജീവിക്കുന്ന ബ്രിട്ടനിലെ ഒരേയൊരു സ്ഥലമാണ്‌ ബിര്‍മിങ്‌ഹാം എന്നതാണ്‌ ഈ ക്ഷണം സ്വീകരിക്കാന്‍ റഹ്‌മാന്‍ കാരണമായിപ്പറഞ്ഞത്‌. വ്യത്യസ്തസംഗീതധാരകളുടെ മിശ്രണത്തിലൂടെ ഹൂറേ ഫോര്‍ ബോളിവുഡ്‌ എന്ന ആ ആവിഷ്ക്കാരവും ശ്രദ്ധേയമായി.

2004 ല്‍ ഹേ പിങ്ങ്‌ സംവിധാനംചെയ്ത വോറിയേഴ്സ്‌ ഓഫ്‌ ഹെവന്‍ ആന്‍ഡ്‌ എര്‍ത്ത്‌ എന്ന മാന്‍ഡരിന്‍(ചൈനീസ്‌ ഭാഷാഭേദം)ചിത്രമാണ്‌ റഹ്‌മാന്‍ സംഗീതസംവിധാനം ചെയ്ത മറ്റൊരു അന്തര്‍ദേശീയസംരംഭം. തായ്‌വാന്‍ ഗായികയായ ജോലിന്‍ സായ്‌ പാടിയ ഈ ചിത്രത്തിന്റെ തീം സോങ്ങ്‌ മാന്‍ഡരിന്‍, ഇംഗ്ളീഷ്‌, ഹിന്ദി ഭാഷകളില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്‌. പാശ്ചാത്യ-പൌരസ്ത്യശൈലികള്‍ ഇടകലരുന്ന മെലഡിയില്‍ ഉപകരണങ്ങളിലും ആലാപനത്തിനും വരുത്തുന്ന ലയവ്യതിയാനങ്ങളിലും മറ്റും ഈ ശൈലികളെ വേര്‍തിരിച്ചെടുക്കുന്നത്‌ ഒട്ടും എളുപ്പമല്ല. എ. ആര്‍. റഹ്‌മാന്‍ ഇക്കാലത്തു മറ്റു നാടുകളില്‍ച്ചെയ്ത സംഗീതത്തിന്‌ പ്രമേയത്തിലും ആവിഷ്ക്കാരത്തിലും ബോളിവുഡുമായുള്ള ബന്ധത്തിനായിരുന്നു കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്‌ എന്നോര്‍ക്കുക. എന്നാല്‍ തികച്ചും ചൈനീസ്‌ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിന്റെ സംഗീതം അങ്ങനെയൊരു അടയാളപ്പെടുത്തലില്‍നിന്നു സ്വതന്ത്രമാകുന്നു. അത്തരത്തില്‍ ദേശകാലങ്ങളെ മറികടന്ന ആദ്യസംരഭമാണ്‌ ഈ ചിത്രമെന്നു പറയാം. 2004 ല്‍ ശേഖര്‍ കപൂര്‍‌‍ സംവിധാനം ചെയ്ത എലിസബത്ത്‌: ദ ഗോല്‍ഡന്‍ ഏജ്‌ ആണ്‌ എ. ആര്‍. റഹ്മാനെ പാശ്ചാത്യലോകത്ത്‌ ശ്രദ്ധേയനാക്കിയ മറ്റൊരു ചലച്ചിത്രം. ഇതില്‍ ക്രയ്ഗ്‌ ആംസ്‌ട്രോങ്ങുമായി സഹകരിച്ചാണ്‌ അദ്ദേഹം സംഗീതരചന നിര്‍വഹിച്ചിരിക്കുന്നത്‌.

ജനപ്രിയസംഗീതരംഗത്ത്‌ വിവിധഭാഷകളില്‍ ഇത്രയധികംകാലം ഒന്നാമനായി തുടരാന്‍ റഹ്‌മാനു കഴിയുന്നതുതന്നെ നിസ്സാരകാര്യമല്ല. ആല്‍ബം വില്‍പനയുടെ കാര്യത്തില്‍ ലോകത്തില്‍ എക്കാലത്തെയും വലിയ വാണിജ്യവിജയമാണ്‌ അദ്ദേഹത്തിനുള്ളതെന്നു പറയപ്പെടുന്നു. ആകെ ഇരുനൂറു ദശലക്ഷത്തിലേറെ കോപ്പികള്‍ എന്ന കണക്ക്‌ ശരിയാണെങ്കില്‍ പാശ്ചാത്യപോപ്‌ സംഗീതത്തിലെ ഇതുവരെയുള്ള വമ്പന്‍താരങ്ങളെല്ലാം അദ്ദേഹത്തെക്കാള്‍ ഏറെ പിന്നിലാണ്‌. വിവിധസംസ്കാരങ്ങളെ സംഗീതത്തിലൂടെ വരുതിയിലാക്കിക്കൊണ്ടുള്ള രാജ്യാന്തരമായ ഈ അധിനിവേശം അദ്ഭുതമാകുന്നത്‌ അതുകൊണ്ടൊക്കെയാണ്‌. ടൈം മാഗസിന്റെ കോളമിസ്റ്റായ റിച്ചാര്‍ഡ്‌ മോര്‍ലിസ്‌ എ. ആര്‍. റഹ്‌മാന്റെ ആദ്യസംരംഭമായ റോജയെക്കുറിച്ചു പില്‍ക്കാലത്തു പറഞ്ഞതിങ്ങനെ:‘പുറമേയുള്ള സ്വാധീനങ്ങളെ പൂര്‍ണമായും തമിഴും പൂര്‍ണമായും റഹ്‌മാനുമാകുംവരെ രാസവിദ്യയിലൂടെ ലയിപ്പിച്ചുള്‍ച്ചേര്‍ക്കാനുള്ള റഹ്‌മാന്റെ സിദ്ധിയാണ്‌ അമ്പരപ്പിക്കുന്ന ഈ തുടക്കത്തില്‍ കാണുന്നത്‌. അദ്ദേഹം റെഗ്ഗെയും ജംഗിള്‍ റിഥംസുമെടുത്തു കളിക്കുന്നു. ബ്രോഡ്‌വേ ശൈലിയിലുള്ള ഉപകരണസംഗീതമൊരുക്കുന്നു. ഇറ്റലിക്കാര്‍ക്കായി മോറിക്കോണ്‍ ഒരുക്കിയ സംഗീതത്തില്‍ വ്യതിയാനങ്ങള്‍ നിര്‍മ്മിക്കുന്നു.’

ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ച്‌ മുഖ്യധാരാസംഗീതത്തിലേക്ക്‌ ഇതരസംസ്ക്കാരങ്ങളുടെ ചില അപരങ്ങള്‍ ലയിപ്പിച്ചു ചേര്‍ക്കുന്നതിലൂടെയാണ്‌ റഹ്‌മാന്‍ അദ്ഭുതമാകുന്നത്‌. തനിക്കു സമകാലികമായി വികസിച്ച സാങ്കേതികോപകരണങ്ങളുടെ സഹായം അദ്ദേഹം ആവുന്നത്ര പ്രയോജനപ്പെടുത്തുകയും ചെയ്തു. പാശ്ചാത്യര്‍ക്കാകട്ടെ അവര്‍ക്കു പരിചിതമായ സംഗീതത്തിലേക്ക്‌ ഇതുവരെക്കേള്‍ക്കാത്ത രീതികള്‍ കൊണ്ടുവന്ന സംഗീതജ്ഞനാണ്‌ റഹ്‌മാന്‍. ബോംബെ ഡ്രീംസിന്റെ സംഗീതം ചെയ്യാന്‍ റഹ്‌മാനെ താന്‍ ക്ഷണിച്ചത്‌ യാദൃച്ഛികമായിക്കേട്ട വിചിത്രസംഗീതത്തിന്റെ ആവിഷ്ക്കര്‍ത്താവെന്ന നിലയിലാണെന്ന്‌ ആന്‍ഡ്രൂ വെബ്ബര്‍ അനുസ്മരിച്ചിട്ടുണ്ട്‌. ഇത്തരമൊരപരിചിതത്വം ഈ സാംസ്ക്കാരികപരിസരങ്ങള്‍തമ്മില്‍ നിലനിന്നിരുന്നതിനും ചില കാരണങ്ങളുണ്ട്‌. ലോകത്തിണ്റ്റെ മിക്ക ഭാഗങ്ങളിലും പ്രാദേശികസംഗീതത്തെ ഗണ്യമായി പരിവര്‍ത്തിപ്പിച്ചത്‌ പാശ്ചാത്യ പോപ്‌ സംഗീതത്തിന്റെ സ്വാധീനമാണ്‌. ആ പ്രാദേശികസംസ്ക്കാരങ്ങളില്‍നിന്ന്‌ ആവുന്നതൊക്കെ കടംകൊള്ളാന്‍ പാശ്ചാത്യജനപ്രിയഗായകരും മത്സരിച്ചു. എങ്കിലും റഹ്‌മാനുമുമ്പു വരെയുള്ള ഇന്ത്യന്‍ ജനപ്രിയസംഗീതധാരകളില്‍ പാശ്ചാത്യ പോപ്‌ സംഗീതത്തിന്റെ സ്വാധീനം അത്ര ശക്തമല്ല. പാശ്ചാത്യപോപ്‌ സംഗീതജ്ഞര്‍ ഇന്ത്യയില്‍നിന്നു കടമെടുത്തിട്ടുണ്ടെങ്കിലും അത്‌ ഇവിടുത്തെ ക്ളാസ്സിക്കല്‍ സംഗീതത്തില്‍നിന്നു മാത്രമാണെന്നതും ഓര്‍മ്മിക്കേണ്ടതുണ്ട്‌. ഈ ദൂരങ്ങള്‍ക്കിടയിലാണ്‌ എ. ആര്‍. റഹ്‌മാന്‍ പ്രവര്‍ത്തിച്ചത്‌. പാശ്ചാത്യശൈലികള്‍ ധാരാളമായി ഉപയോഗിച്ചുകൊണ്ട്‌ അദ്ദേഹം ഇന്ത്യന്‍ ജനപ്രിയസംഗീതത്തിന്റെ മുഖച്ഛായ മാറ്റി. ഇന്ത്യയിലെ വിവിധസംസ്ക്കാരങ്ങളില്‍നിന്നുള്ള സംഗീതശൈലികളെ ക്ളാസ്സിക്കലെന്നോ നാടോടിയെന്നോ തരംതിരിക്കാതെ സ്വീകരിച്ചുകൊണ്ടു രൂപപ്പെടുത്തിയ തന്റെ ശൈലി പാശ്ചാത്യര്‍ക്കുമുന്നിലും അവതരിപ്പിച്ചു. മുംബൈയിലെ ചേരിയില്‍ വളര്‍ന്ന പതിനെട്ടുകാരന്‍ കോടീശ്വരനാകുന്ന കഥ പറയുന്ന സ്‌ലംഡോഗ്‌ മില്യനെയര്‍ എന്ന പാശ്ചാത്യചിത്രത്തില്‍ റഹ്‌മാന്‍ ഒറ്റയടിക്കു നിര്‍വഹിക്കുന്നത്‌ ചരിത്രം ബാക്കിയാക്കിയ ഈ ധര്‍മ്മങ്ങളാണ്‌. അത്തരത്തിലും ഇതൊരു പുതിയ സംഗീതസംസ്ക്കാരത്തിന്റെ തുടക്കമാകുന്നു.

8 comments:

  1. ‘ലോകസംഗീതം’ എന്ന പുതിയൊരു ബ്ലോഗ് കൂടി :)
    ഓസ്കര്‍ അവാര്‍ഡുകള്‍ നേടിയ എ. ആര്‍. റഹ്‌മാന്റെ സംഗീതത്തെക്കുറിച്ച്:
    ‘അന്നത്തെ രവിശങ്കര്‍ പോയ വഴിയിലൂടെയല്ല ഇന്നത്തെ റഹ്‌മാന്റെ സഞ്ചാരം. അതില്‍ സംഗീതത്തിന്റെ ദേശത്തെക്കുറിച്ചോ ഭാഷയെക്കുറിച്ചോ ശൈലിയെക്കുറിച്ചോ ധാരണകളുണ്ടെങ്കിലും അവയെച്ചൊല്ലിയുള്ള മൌലികവാദങ്ങളോ ആദര്‍ശവത്ക്കരണങ്ങളോ ഇല്ല. കലയുടെ ആഗോളീകരണകാലത്തെ കലര്‍പ്പിന്റെ കലാകാരനാണ്‌ അദ്ദേഹം’

    എ. ആര്‍. റഹ്‌മാന് അഭിനന്ദനങ്ങള്‍!

    ReplyDelete
  2. വളരെ മികച്ച ഒരു പോസ്റ്റ്. റഹ്മാന് അഭിനന്ദനങ്ങള്‍ നേരുന്നു...

    ReplyDelete
  3. പോസ്റ്റിനെ കുറിച്ച് ഒന്നും കൂടുതല്‍ ഇനി പറയാനില്ല, അറിയില്ല..

    റഹ്മാന്റെ പാട്ട് കേള്‍ക്കുമ്പോള്‍ പതിവു പോലെ രാഗമെന്താ എന്നു തപ്പിനടക്കും, ഒരു രക്ഷേം കിട്ടില്ല, അതാണോ എന്നു തോന്നുമ്പോഴേയ്ക്കും വേറൊന്നാണോ എന്നു സംശയാവും..
    “ഉയിരേ,ഉയിരേ” എന്ന പാട്ട് കൂറേ തവണ കേട്ടിട്ടാണ് അതിന്റെ രൂപം മനസ്സിലാവുന്നതു തന്നെ..
    വിമര്‍ശനങ്ങള്‍ക്കൊക്കെ നല്ല ഉത്തരം അപ്പപ്പോള്‍ ചെയ്തുകാണിച്ചു കൊടുത്തിട്ടുണ്ട് റഹ്മാന്‍..
    ചിക്കുപുക്കു റൈലേ.. എന്റെ സംഗീതാസ്വാദനം തന്നെ മാറ്റിമറിച്ചിട്ടുണ്ട്.
    അതിനു മുന്‍പ് “എന്നവളേ” ഒരു പത്തിരുപത്തഞ്ച് തവണ അന്നൊക്കെ ഒരു ദിവസം കേട്ടിട്ടുണ്ടാവുംന്ന് തോന്നുണു.. പിന്നെ അഞ്ചലീ,അഞ്ചലീ..
    മലര്‍ഹളെ, മലര്‍കളേ.. പിന്നെ ഒരു ദൈവം തന്ത പൂവേ..
    ഹൃദയം വര്‍ത്തമാനം പറയാന്‍ തുടങ്ങും ഇന്നും ഈ പാട്ടൊക്കെ കേട്ടാല്‍..

    വിശദമായ ഈ എഴുത്തിനു ഒരു സലാം..

    ReplyDelete
  4. “പുതിയ പോസ്റ്റുകള്‍ ചേര്‍ക്കുവാന്‍“ എന്ന ഏവൂര്‍ജിയുടെ ഈ പോസ്റ്റ് ഒന്നു നോക്കൂ.. തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്യാന്‍ ഇതു സഹായിച്ചേക്കും..
    http://chithrangal.blogspot.com/2009/02/blog-post_12.html

    ReplyDelete
  5. റഹ്മാനെക്കുറിച്ച് നല്ല പോസ്റ്റ്.ഓസ്ക്കാർ ലബ്ധിക്ക് അഭിനന്ദനങ്ങൾ തീർച്ചയായും അദ്ദേഹം അംഗീകരിക്കുന്നു,സംശയമില്ല.പക്ഷേ അദ്ദേഹത്തിന്റെതന്നെ മികച്ച വർക്കുകളിലൊന്നാണ് സ്ലംഡോഗിലെ പാട്ടുകളെന്ന് എനിയ്ക്കഭിപ്രായമില്ല.
    (എന്നവളേ എന്ന പാട്ട് ഒരുപാടു കാലമായി എന്റെ ഫോണിൽ ഒരാൾക്കു മാത്രമായുള്ള അസൈൻ റിങ്ങ്ടോൺ:)

    ReplyDelete
  6. തിരുത്ത്:അംഗീകരിക്കുന്നു-അർഹിക്കുന്നു.

    ReplyDelete
  7. പ്രിയ ശ്രീ, നന്ദി :)

    അതെ പി. ആര്‍., പോപ് സംഗീതത്തില്‍ ക്ലാസ്സിക്കല്‍ നിയമങ്ങളും ഈ രാഗമന്വേഷിക്കലുമൊക്കെയായി നടക്കുന്നവര്‍ക്ക് അതിന്റെ വഴിയെന്തെന്ന് ഒരു പരിധിവരെ കേള്‍പ്പിച്ചുകൊടുത്തയാളാണു റഹ്‌മാന്‍.

    വി.ശി., ഇവിടെയും തുടരാം :) റഹ്‌മാന്‍ നേരത്തെതന്നെ ചെയ്ത പലതിന്റെയും സ്വാധീനം പുതിയ ചിത്രത്തിലെ പാട്ടുകളിലുണ്ട്. പക്ഷേ അതു പാശ്ചാത്യര്‍ക്കു പുതുമയായത് എന്തുകൊണ്ടെന്നാണു വിശദീകരിക്കാന്‍ ശ്രമിച്ചത്. :)

    പള്ളിക്കരയില്‍, നന്ദി :)

    ReplyDelete